കോഴിക്കോട്: പോലീസ് യൂണിഫോമിൽ കോഴിക്കോട്ടെ വനിത എസ്ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്. സോഷ്യൽമീഡിയയിൽ ചിത്രങ്ങൾ പ്രചരിച്ചതോടെ സംഭവം വിവാദത്തിലേക്ക്. രണ്ട് നക്ഷത്രങ്ങളും പേരുൾപ്പെടെ സബ് ഇൻസ്പക്ടർ ഓഫ് പൊലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്ഐയായിരിക്കെ ലഭിച്ച മെഡലും ധരിച്ച യൂണിഫോമിലണിഞ്ഞാണ് സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയത്.
പോലീസുകാർക്കിടയിലെ തന്നെ ചില വാട്സ്ആപ് ഗ്രൂപ്പുകളിൽ ഇത് നിയമപരമാണോ എന്ന രീതിയിൽ ചർച്ചകൾ നടക്കുകയാണ്. നേരത്തെ പോലീസ് ഉദ്യോഗസ്ഥർക്കുള്ള ഉത്തരവിന്റെ ലംഘനമാണ് ഈ നടപെടിയെന്നും വിലയിരുത്തുന്നുണ്ട്.
ടിപി സെൻകുമാർ പോലീസ് മേധാവിയായിരിക്കെ സമൂഹമാധ്യമങ്ങളിൽ പോലീസ് സേനാംഗങ്ങൾ വ്യക്തിപരമായി ഇടപെടുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ച് 2015 ഡിസംബറിൽ ഉത്തരവ് പുറത്തിറക്കിയിരുന്നു.
സേനാംഗങ്ങൾ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈലുകളിൽ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് അന്ന് നിർദേശിച്ചത്. ഈ ഉത്തരവാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.