മലപ്പുറം: പ്രളയക്കെടുതിയിലും ദുരിതാശ്വാസ ക്യാംപില്‍നിന്ന് പുതുജീവിതത്തിലേക്ക് കാലെടുത്തുവച്ച് അഞ്ജു. മലപ്പുറം എംഎസ്പി എല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാംപില്‍നിന്ന് നേരേ കതിര്മണ്ഡപത്തിലേക്കു പോകുമ്പോള്‍ അഞ്ജുവിന്റെ മനസ്സിലെ മഴ തോര്ന്നിരുന്നില്ല.
വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് അഞ്ജുവും കുടുംബവും ദുരിതാശ്വാസ ക്യാംപിലേക്കു പോയത്. കല്യാണ ദിവസം ധരിക്കാന്‍ വാങ്ങിയ സാരി മാത്രമാണ് കയ്യില്‍ കരുതിയത്. ബാക്കിയുള്ള സാധനങ്ങളെല്ലാം വീട്ടില്‍ ഉപേക്ഷിച്ചു.
ക്യാംപില്‍നിന്ന് ഇന്നലെ വീട്ടില്‍ തിരിച്ചെത്തിയെങ്കിലും വെള്ളം പൂര്‍ണമായും ഇറങ്ങാത്തതിനാല്‍ അത്യാവശ്യ സാധനങ്ങളുമായി തിരികെ ക്യാംപിലേക്കു മടങ്ങി. ഞായറാഴ്ച രാവിലെ അവിടെവച്ചു തന്നെ അഞ്ജു വധുവായി അണിഞ്ഞൊരുങ്ങി
മലപ്പുറം തൃപുരാന്തക ശിവ ക്ഷേത്രത്തിലെ കല്യാണ മണ്ഡപത്തിലേക്കു പോയി. വേങ്ങര സ്വദേശി ഷൈജു ആണ് വരന്. മലപ്പുറം താഴ്വാരം അഞ്ജു നിവാസില്‍ സുന്ദരന്‍ ശോഭ ദമ്പതികളുടെ മകളാണ് അഞ്ജു.