ചാവക്കാട് : ഗവ. ഹൈസ്കൂളില്‍ ഷൂ ധരിച്ചെത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പ്ളസ്ടു വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം. ഗുരുവായൂര്‍ മാണിക്കത്തുപടി തൈക്കണ്ടിപറമ്പില്‍ ഫിറോസിന്റെ മകന് ഫയാസി (17)നാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച പന്ത്രണ്ടരയോടെ ക്ലാസ് കഴിഞ്ഞ് ഫയാസ് മുതുവട്ടൂര്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു പ്ലസ്ടു വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്.
മുഖത്തും വാരിയെല്ലിനും സാരമായി പരിക്കേറ്റ ഫയാസിനെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫയാസ് ഷൂ ധരിച്ചെത്തിയതിനെച്ചൊല്ലി തിങ്കളാഴ്ച പ്ലസ്ടു വിദ്യാര്‍ഥികളുമായി തര്‍ക്കം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച മര്‍ദനമേറ്റതെന്ന് ഫയാസിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഡിസ്കിന് തകരാര്‍ സംഭവിച്ച് വര്‍ഷങ്ങളോളം ചികിത്സയിലായിരുന്നു ഫയാസ്. ഇപ്പോഴും ഇതിന്റെ ചികിത്സ തുടര്‍ന്നുവരികയാണ്. ഇതിനിടയിലാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെയും ആക്രമണം.
കുറ്റക്കാരായ വിദ്യാര്‍ഥികളുടെ പേരില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പി.ടി.എ. പ്രസിഡന്റ് പി.വി. ബദറുദ്ദീനും, സംഭവം പോലീസില്‍ അറിയിച്ചതായി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ.ആര്. ഉണ്ണികൃഷ്ണനും പറഞ്ഞു. സംഭവത്തില്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് കേസെടുത്തു.