ചിറ്റാരിക്കാല്‍: റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രത്തിന് മുകളിലേയ്ക്ക് തെങ്ങ് പൊട്ടിവീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റര്‍ സേലം സ്വദേശി ഫിനു(സദയന്‍) ആണ് മരിച്ചത്. മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി ചെറുപുഴ പാലത്തിന് സമീപം അരിയുരുത്തില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മണ്‍തിട്ടക്ക് മുകളിലുണ്ടായിരുന്ന ഉണങ്ങിയ തെങ്ങ് മണ്ണെടുക്കുന്നതിനിടെ ഹിറ്റാച്ചിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ഓടിക്കൂടിയ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് ഫിനുവിനെ പുറത്തെടുത്തത്. ഉടനടി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലെ ജീവനക്കാരനാണ് ഫിനു. ചിറ്റാരിക്കാല്‍ എസ്ഐ കെപി രമേശന്റെ നേതൃത്വത്തില്‍ പൊലീസെത്തി സംഭവസ്ഥലം പരിശോധിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സ്ഥലത്തെത്തി.