കണ്ണൂര്‍: കണ്ണൂരിലെ ദുരിതാശ്വാസ ക്യാംപിനു നേരെ ആക്രമണം അഴിച്ചുവിട്ട് എസ്ഡിപിഐ. കൊട്ടിയൂര്‍ ഐജെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിനു നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അഭിലാഷ്, വൈശാഖ്, എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ദുരിതാശ്വാസ ക്യാംപില്‍ വൈകിട്ട് ആറര മണിയോടെ ഇരുപതോളം വരുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചിരുന്നു. പ്രത്യേകതരം വസ്ത്രങ്ങളും ടാഗുകളും അണിഞ്ഞായിരുന്നു ഇവരുടെ സന്ദര്‍ശനം.
എന്നാല്‍ കക്ഷിരാഷ്ട്രീയ-ജാതിമതഭേദമന്യേയാണ് ക്യാംപിലുള്ളവര്‍ കഴിയുന്നതെന്നും ഇത്തരത്തില്‍ ഇവിടെ സന്ദര്ശിക്കാനനുവദിക്കില്ലെന്നും ക്യാംപ് അധികൃതര്‍ പറഞ്ഞു. ഇതിനുപിന്നാലെയായിരുന്നു ആക്രമണം. ക്യാംപിലേക്ക്കല്ലേറുമുണ്ടായി. സ്കൂള്‍ പരിസരത്തുണ്ടായിരുന്ന രണ്ടു കാറുകള്‍ തകര്‍ത്തു. കേളകം, പേരാവൂര്‍ സ്റ്റേഷനുകളില്‍ നിന്നെത്തിയ പോലീസ് സംഘം സ്ഥലത്ത് കാവലുണ്ട്.