കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ മോഫിയക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അല്‍ അസര്‍ ലോ കോളേജിലെ മോഫിയയുടെ സഹപാഠികളാണ് അറസ്റ്റിലായത്.
17 വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റുചെയ്തത്. സിഐയ്ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എസ്പി ഓഫീസില്‍ മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇവരെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. എസ്പിക്ക് പരാതി നല്‍കാനെത്തിയ പെണ്‍കുട്ടികടങ്ങിയ സംഘം പരാതി നല്കാന് അവസരം ലഭിക്കാതെ വന്നതോടെ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.
യാതൊരു വിധ മാര്‍ഗ തടസവും സൃഷ്ടിക്കാതെ സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. അതേസമയം, മൊഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവടക്കമുള്ള മൂന്ന് പ്രതികളും റിമാന്‍ഡില്‍.
മൊഫിയയുടെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍(27) ഭര്‍ത്തൃപിതാവ് യൂസഫ്(63) ഭര്‍ത്തൃമാതാവ് റുഖിയ(55) എന്നിവരെയാണ് ആലുവ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. മോഫിയയുടെ മരണം കേരളത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരിക്കുകയാണ്.