ആലുവ: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ യുവതി ആത്മഹത്യ ചെയ്ത സംഭവം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. ആലുവ സ്വദേശിയായ മോഫിയ പര്‍വീണാണ് മരിച്ചത്. മകളുടെ മരണത്തില്‍ തകര്‍ന്നിരിക്കുകയാണ് മാതാപിതാക്കള്‍.
നീതി കിട്ടുമെന്ന് കരുതിയാണ് മോഫിയ പൊലീസ് സ്റ്റേഷനിലേക്ക് പോയതെന്ന് ഉമ്മ കരച്ചിലടക്കാനാവാതെ പറയുന്നു. നീതി കിട്ടില്ലേയെന്ന് അവള് പപ്പയോട് ചോദിച്ചു. ധൈര്യത്തോടെ സ്റ്റേഷനിലേക്കു പോയി. മകള്‍ ഇത്രയും തകരുമെന്ന് കരുതിയില്ലെന്നും ഉമ്മ പറയുന്നു.
ഭര്‍ത്താവിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒരുപാട് പരാതികള്‍ പറഞ്ഞു. മുത്തലാഖ് കിട്ടുന്നതുവരെ അവള് തളരാതെ പിടിച്ചുനിന്നു. മുത്തലാഖ് നിരോധിച്ചതാണെന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചിരുന്നു. പറഞ്ഞാല്‍ തീരാത്തത്ര പീഡനമാണ് മകള്‍ അനുഭവിച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ വെളുത്ത പെണ്ണിനെ കല്ല്യാണം ആലോചിക്കാന്‍ തുടങ്ങിയിരുന്നു. പൊലീസിലും നിയമത്തിലും മകള്‍ക്ക് അത്ര വിശ്വാസമായിരുന്നുവെന്നും ഉമ്മ ഫാരിസ പറഞ്ഞു.