കൊച്ചി: വിശന്ന് പട്ടിണി കിടക്കുന്ന മനുഷ്യന് മറ്റൊന്നും കിട്ടാനില്ലെങ്കില്‍ പന്നിയിറച്ചി പോലും കഴിക്കാമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. ഹലാല്‍ ഭക്ഷണം, തുപ്പല് തുടങ്ങിയ വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.
നല്ല മുസ്ലീമെന്ന നിലയില്‍ തനിക്ക് പറയാനുള്ളതെന്ന ആമുഖത്തോടെയാണ് അബ്ദുള്ളക്കുട്ടി ഹലാല്‍ വിഷയത്തിലെ നിലപാട് മാധ്യമങ്ങളോട് വിവരിച്ചത്. ”ഹലാല്‍ സംബന്ധിച്ച് ഞാന്‍ മനസിലാക്കിയത്, ചില ഘട്ടത്തില്‍ പന്നിയിറച്ചി പോലും നമുക്ക് കഴിക്കാം. വിശന്ന് പട്ടിണി കിടക്കുന്ന മനുഷ്യന് മറ്റൊന്നും കിട്ടാനില്ലെങ്കില്‍, പന്നിയിറച്ചി ഹറാമല്ലെന്ന് പഠിപ്പിച്ച ഒരു സമുദായത്തെയാണ് ഇന്ന് അപമാനിക്കുന്നത്.”- അബ്ദുള്ളക്കുട്ടി പറഞ്ഞു.
അബ്ദുള്ളക്കുട്ടിയുടെ വാക്കുകള്‍
”ഹലാല്‍ ഭക്ഷണം, തുപ്പല് വിവാദത്തെ സംബന്ധിച്ച് ഒരു നല്ല മുസ്ലീമെന്ന നിലയില്‍ എനിക്ക് പറയാനുള്ളത്, ഒരു സംഘം ജിഹാദി പണ്ഡിതന്മാരും മറ്റും യഥാര്‍ത്ഥ ഇസ്ലാമിനെ അപമാനിച്ചുകൊണ്ടിരിക്കുകയാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഹലാല്‍ ഭക്ഷണമെന്താണെന്ന് നിങ്ങള്‍ ചോദിച്ചു. ഞാന്‍ പഠിച്ച ഇസ്ലാം വളരെ പ്രാക്ടിക്കലായ മതമാണ്. ഹലാല്‍ സംബന്ധിച്ച് ഞാന്‍ മനസിലാക്കിയത്, ചില ഘട്ടത്തില്‍ പന്നിയിറച്ചി പോലും നമുക്ക് കഴിക്കാം. വിശന്ന് പട്ടിണി കിടക്കുന്ന മനുഷ്യന് മറ്റൊന്നും കിട്ടാനില്ലെങ്കില്‍, പന്നിയിറച്ചി ഹറാമല്ലെന്ന് പഠിപ്പിച്ച ഒരു സമുദായത്തെയാണ് ഇന്ന് അപമാനിക്കുന്നത്.”
”ഏറ്റവും അവസാനം തങ്ങളുടെ തുപ്പല് വിവാദമുണ്ടായി. മുസ്ലീം സമുദായത്തിന്റെ കേരളത്തിലെ പ്രശ്നം ഒരു നവോത്ഥാന നായകന് ഇല്ല. സംഘടനകള്‍ പെറ്റു പെരുകുന്നു. ആധുനിക കാലത്ത് തുപ്പലിനെ ആര്‍ക്കാണ് ന്യായീകരിക്കാന്‍ സാധിക്കുക. ഇവിടുത്തെ ജിഹാദി ഗ്രൂപ്പ് എന്തിനാണ് ശ്രമിക്കുന്നത്. മുസ്ലീം വിഭാഗത്തിന്റെ ഭക്ഷണം വേഷം പ്രശ്നമാണ്. മീശയില്ലാതെ താടി മാത്രം വയ്ക്കുക. വളരെ വികൃതമായ വേഷം. താലിബാനിസമാണ് ഇവിടെ നടക്കുന്നത്. ഇവരെയൊക്കെ പിടിച്ച് അകത്തിടണം.”