കൊച്ചി: ഭര്‍തൃവീട്ടില്‍ നിന്നും സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന കടുത്ത മാനസികപീഡനങ്ങളെ തുടര്‍ന്നാണ് മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതെന്ന് അടുത്ത ബന്ധു. എല്ലാം ക്ഷമിച്ചും സഹിച്ചും ദിവസങ്ങളോളം മോഫിയ പിടിച്ചു നിന്നുവെന്നും നിവൃത്തികെട്ടപ്പോഴാണ് വീട്ടുകാരെ വിവരങ്ങള്‍ അറിയച്ചതെന്നും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കുറച്ചുനേരം ഒറ്റക്കിരിക്കട്ടെയെന്ന് പറഞ്ഞ് മോഫിയ മുറിയില്‍ കയറിയിരുന്നുവെന്നും അല്പ സമയത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും ബന്ധു പറഞ്ഞു.
ബന്ധുവിന്റെ വാക്കുകള്‍
”വീട്ടിലെത്തി അല്പസമയം ഒറ്റക്കിരിക്കട്ടെ എന്നുപറഞ്ഞ് മുറിയില്‍ കയറി വാതിലടച്ചു. ഇടക്കിടെ വാതിലില്‍ മുട്ടിയപ്പോള്‍ അവള് മൂളുന്നുണ്ടായിരുന്നു. എന്നാല്‍, പിന്നീട് അനക്കമില്ലാതായി. ജനലിലെ ഗ്ലാസ് പൊട്ടിയ ഇടത്ത് നോക്കിയപ്പോള്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറുകയായിരുന്നു.”
”സ്ത്രീധനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞ് മാനസികവും ശാരീരികവുമായും ഭര്‍ത്താവ് മുഹ്സിനും കുടുംബവും അവളെ ഉപദ്രവിക്കുമായിരുന്നു. എല്ലാം ക്ഷമിച്ചും സഹിച്ചും ദിവസങ്ങളോളം മോഫിയ പിടിച്ചു നിന്നു. നിവൃത്തികെട്ടപ്പോഴാണ് വീട്ടുകാരെ വിവരങ്ങള്‍ അറിയിച്ചത്.
ഒക്ടോബര്‍ 28ന് ഭര്‍ത്താവ് ആലുവ പള്ളിയില്‍ തലാഖ് നോട്ടീസ് നല്കി. അതില്‍ ഞങ്ങള്‍ സഹകരിച്ചില്ല. പിന്നീടാണ് പൊലീസില്‍ പരാതിപ്പെട്ടത്. ഇന്നലെ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ.”-ബന്ധു പറഞ്ഞു.