കുടുംബത്തിന്റെ താങ്ങായിരുന്ന പിതാവ് അകാലത്തില്‍ മരിച്ചതോടെ സ്വപ്നങ്ങളെല്ലാം മറന്ന് ജീവിതം കരുപ്പിടിക്കാന്‍ തട്ടുകട തുറക്കുകയാണ് വക്കം സ്വദേശിനി സരിഗ സുരേഷ്. കേരളസര്‍വകലാശാലയില്‍ എംഎ സംസ്കൃതം രണ്ടാം റാങ്കുള്ള ഈ 24 കാരിയുടെ സ്വപ്നം സിവില്‍ സര്‍വീസായിരുന്നു. എന്നാല്‍ തണലായിരുന്ന അച്ഛന് പോയതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം സരിഗ ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ ഓണത്തിന്റെ തലേന്നാണ് ഭാര്യയും രണ്ടുപെണ്‍മക്കളുമടങ്ങുന്ന കുടുംബത്തെ ഇരുട്ടിലാക്കി കുടുംബനാഥന് സുരേഷ് 61-ാം വയസ്സില്‍ കടന്നുപോയത്. വീട്ടില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഏകവരുമാന മാര്‍ഗമായിരുന്നു വക്കം റൂറല്‍ ഹെല്‍ത്ത് സെന്ററിനു മുന്നില്‍ സുരേഷ് നടത്തിയിരുന്ന തട്ടുകട.
സുരേഷിന്റെ മരണത്തോടെ ആ വരുമാനത്തിനും തിരശീല വീണു. ഇനിയെന്ത് എന്നറിയാതെ വക്കം പുതുവിളാകത്തു വീട്ടില്‍ ഗംഗ പകച്ചുനിന്നപ്പോഴാണു ജീവിതത്തിന്റെ തുടര്‍ച്ചയ്ക്ക് മക്കളില്‍ ഇളയവളായ സരിഗ അച്ഛന്റെ തട്ടുകട തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനമെടുത്തത്.
പിന്നെ വൈകിയില്ല. പഴക്കമേറെയുള്ള സൈക്കിള്‍ തട്ടുകട വീണ്ടും സജീവമായി. രാവിലെയും വൈകിട്ടും മൂന്നുമണിക്കൂറാണു ചായയും പലതരം വടകളും അടങ്ങുന്ന മെനുവുമായി സരിഗയുടെ കച്ചവടം. വട പൊരിക്കലും ചായ അടിക്കലുമെല്ലാം സരിഗ. അമ്മ കൂട്ടിന്. തുടക്കം മോശമല്ലെന്നു സൂചനകളുണ്ടെങ്കിലും ലാഭനഷ്ടക്കണക്കുകള്‍ പറയാറായിട്ടില്ലെന്നു സരിഗ പറയുന്നു.