ആലുവ: പ്രളയത്തിന് പല മേഖലകളിലും ശമനമുണ്ടായെങ്കിലും റോഡുകള്‍ പൂര്‍ണമായും ഗതാഗത യോഗ്യമാകാന്‍ ഇനിയും സമയമെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. കാലടി, ആലുവ തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. എംസി റോഡില്‍ പത്ത് കിലോമീറ്ററോളം ദൂരത്തില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു.
നിലവില്‍ വലിയ വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഈ പ്രദേശത്തെ ദുരിത ബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. റോഡുകളില്‍ ചെളി നിറഞ്ഞു നില്ക്കുന്നതിനാല് ചെറിയ വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ ബുദ്ധിമുട്ടാണ്. അതേസമയം, കാലടിയില്‍ കുടുങ്ങികിടന്നിരുന്ന ഭൂരിഭാഗംപേരെയും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു.
കാലടി സംസ്കൃത സര്‍വകലാശാലയില്‍ കുടുങ്ങികിടന്ന മിക്ക വിദ്യാര്‍ഥികളെയും വലിയ ലോറികളില്‍ കയറ്റിയാണ് സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചത്. പാലക്കാട് തൃത്താല മേഖലയിലെ ചിലഭാഗങ്ങളിലും വെള്ളമിറങ്ങിയെങ്കിലും റോഡില്‍ നിറയെ ചെളിനിറഞ്ഞിരിക്കുന്നതിനാല് ഗതാഗതം തടസപ്പെടുന്നുണ്ട്.