ചവറ: സഹോദരിയുമായി ഒളിച്ചോടിയതിന്റെ പ്രതികാരമായി സുഹൃത്തിന്റെ വീടിന് തീയിട്ട വയുവാവ് അറസ്റ്റില്‍. പന്മന മനയില്‍ വിനീത് ഭവനില്‍ വിനേഷ് (33) ആണ് അറസ്റ്റിലായത്. 15നു രാത്രി 9.45ന് പന്മന മുല്ലക്കേരി പൈനുവിള കോളനിയില്‍ രാമചന്ദ്രന് ആചാരിയുടെ വീടാണ് തീകത്തി നശിച്ചത്.
രാമചന്ദ്രന്റെ മകന് രാഹുലും വിനേഷും അടുത്ത സുഹൃത്തുക്കളായിരുന്നു. തന്റെ സഹോദരിയുമായി ഒളിച്ചോടിയതിന്റെ ദേഷ്യത്തിലാണ് വിനേഷ് രാഹുലിന്റെ വീട്ടില്‍ തീയിട്ടത്. ഈ സമയം വീട്ടില്‍ ആളില്ലായിരുന്നു. ചവറ അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലാണ് സമീപത്തെ മറ്റ് വീടുകളിലേക്ക് തീപടരാതിരിക്കാന്‍ സഹായകമായത്.
തുണി കത്തിച്ച് കിടപ്പുമുറിയിലെ കിടക്കയില്‍ ഇടുകയായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മുന്‍പ് നടന്ന വധശ്രമക്കേസിലെ പ്രതികൂടിയാണ് ഇയാള്‍. കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ എ.നിസാമുദ്ദീന്‍ പറഞ്ഞു.