കൊച്ചി: ചായക്കട നടത്തിയാലും ലോകം മുഴുവന്‍ ചുറ്റിക്കാണാം എന്ന് തെളിയിച്ചവരാണ് വിജയന് മോഹന ദമ്പതികള്‍. എന്നാല്‍ ജീവിതയാത്രയില്‍ തനിച്ചാക്കി വിജയന് യാത്രയായതോടെ മോഹന മാത്രമല്ല ദമ്പതിമാരെ അറിയാവുന്നവരെല്ലാം വേദനയിലാണ്.
ചായക്കട നടത്തി കിട്ടുന്ന വരുമാനം കൊണ്ട് വിദേശ യാത്രകള്‍ നടത്തിയാണ് ഈ ദമ്പതികള്‍ ശ്രദ്ധേയരാകുന്നത്. കൊച്ചി കടവന്ത്രയില്‍ ശ്രീബാലാജി കോഫി ഹൗസ് എന്ന ചായക്കടയുടെ ഉടമയാണ് വിജയന്. ഏറ്റവുമൊടുവില്‍ റഷ്യന്‍ യാത്രയാണ് ഇവര്‍ നടത്തിയത്.
യാത്ര കഴിഞ്ഞ് മടങ്ങിയെത്തി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വിജയന്റെ അപ്രതീക്ഷിത വിയോഗം. തോളില്‍ കയ്യുമിട്ടു ഭാര്യയെയും ചേര്‍ത്തുപിടിച്ചായിരുന്നു എന്നും വിജയന്റെ യാത്ര. വിജയന്റെയും മോഹനയുടെയും യാത്രകളെക്കുറിച്ചറിഞ്ഞ മാധ്യമങ്ങളാണ് ഇവരെ ജനങ്ങള്‍ക്ക് മുമ്പിലെത്തിച്ചത്.
ഡ്രൂ ബിന്‍സ്കി എന്ന വിഖ്യാത ട്രാവല്‍ ബ്ലോഗറും കൊച്ചിയിലെ തെരുവില്‍, ശ്രീ ബാലാജി കോഫി ഹൗസിലെത്തി, യാത്രകളെ പ്രണയിക്കുന്ന ഇവരുടെ കഥയറിഞ്ഞു, ലോകത്തിനുമുമ്പില്‍ പങ്കുവച്ചു. സിംഗപ്പൂര്‍, മലേഷ്യ, യുഎസ്എ, സ്വിറ്റസര്‍ലന്‍ഡ്, ഓസ്ട്രേലിയ അടക്കം 25-ലധികം രാജ്യങ്ങളാണ് മോഹനയെയും കൂട്ടി വിജയേട്ടന് എന്ന് സ്നേഹത്തോടെ വിളിക്കുന്ന വിജയന് ചുറ്റി കണ്ടത്.