തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പഴ്സനുമായ കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി വി അബ്ദുറഹിമാന്. ‘കലാകാരി എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ സഹായം നല്കാന് തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ് കെപിഎസി ലളിത. ചികിത്സയ്ക്കായി സഹായിക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും കലാകാരന്മാരെ കയ്യൊഴിയാനാകില്ലെന്നും ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ തര്‍ക്കമുണ്ടാക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. കെപിഎസി ലളിതയ്ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം.
കലാകാരന്മാര് കേരളത്തിന് മുതല്‍കൂട്ടാണ്. കലാകാരന്മാരെ കയ്യൊഴിയാനാകില്ല. അവര്‍ നാടിന്റെ സ്വത്താണ്. സീരിയലില്‍ അഭിനയിക്കുന്ന തുച്ഛമായ പണം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. അല്ലാതെ വലിയ സമ്പാദ്യം ഇല്ല. കെപിഎസി ലളിത ആവശ്യപ്പെട്ടതു കൊണ്ടാണ് ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ചികിത്സാ ആനുകൂല്യം ആവശ്യപ്പെട്ടവര്‍ക്കെല്ലാം സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. ആരെയും സര്‍ക്കാര്‍ തഴഞ്ഞിട്ടില്ല. തന്റെ മണ്ഡലച്ചില്‍ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ക്ക് സഹായം കൊടുത്തിട്ടുണ്ട്’, മന്ത്രി പറഞ്ഞു.