പാലക്കാട്: ആളിയാര്‍ ഡാം തമിഴ്നാട് തുറന്നുവിട്ടതിനെ തുടര്‍ന്ന് പാലക്കാട്ടെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഡാം തുറന്നു വിട്ടതിനെ തുടര്‍ന്ന് ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കര പുഴയിലേക്കും കൂടുതല്‍ വെള്ളം എത്തിയിട്ടുണ്ട്. രാവിലെ ഏഴിന് മുമ്പുതന്നെ പുഴകളിലേക്ക് വെള്ളം ഒഴുകിയെത്തി തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ക്ക് ആദ്യം മനസിലായില്ല.
ചിറ്റൂരിലെ മൂലത്തറ റെഗുലേറ്ററിലേയ്ക്കാണ് വെള്ളം ആദ്യമെത്തിയത്. അവിടെനിന്ന് ചിറ്റൂര്‍ പുഴയിലേക്കും പിന്നീട് പാലക്കാട് നഗരത്തോടു ചേര്‍ന്ന തിരുനെല്ലായി പുഴയിലേക്കും എത്തി. തിരുനെല്ലായി പാലത്തില്‍ വന്‍തോതില്‍ പായല്‍ വന്ന് അടിഞ്ഞതിനാല്‍ പുഴയുടെ തീരത്തുള്ള വീടുകളിലേയ്ക്ക് വെള്ളം കയറുമോ എന്ന ആശങ്കയും ഉയര്‍ന്നു.
അതേസമയം, യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഡാം തുറന്നുവിട്ടുവെന്ന പരാതിയും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, കേരള ജലവിഭവ വകുപ്പിനെയും പോലീസിനെയും വിവരം അറിയിച്ചിരുന്നുവെന്ന് തമിഴ്നാട് അവകാശപ്പെടുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെ പാലക്കാട്ടെ ജലവിഭവ വകുപ്പ് അധികൃതരെയും 11.30 ഓടെ ജില്ലാ കളക്ടറെയും വിവരം അറിയിച്ചുവെന്നാണ് തമിഴ്നാട് പറയുന്നത്. ജില്ലാ കളക്ടറേറ്റില്‍നിന്ന് വിവരം താഴെത്തട്ടിലേക്ക് പോയിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തഹസില്‍ദാര്‍മാര്‍ക്കോ വില്ലേജ് അധികൃതരിലേക്കോ സന്ദേശം എത്തിയിട്ടില്ല.
ഡാം തുറന്നുവിടുന്നത് സംബന്ധിച്ച ഒരു അറിയിപ്പും കഴിഞ്ഞ ദിവസം ലഭിച്ചിട്ടില്ലെന്നും നാട്ടുകാരും പറയുന്നു. പത്ത് ദിവസം മുമ്പാണ് മുന്നറിയിപ്പ് ലഭിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പാലക്കാട് തിരുവാലത്തൂരില്‍ ജനങ്ങള്‍ റോഡ് ഉപരോധിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് ജനങ്ങള്‍ അര മണിക്കൂറോളം പാലത്തില്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചത്. പ്രതിഷേധക്കാരെ പോലീസ് പിന്നീട് ബലം പ്രയോഗിച്ച് നീക്കി.