തിരുവനന്തപുരം: കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. പുല്ലമ്പാറ കൂനന്‍വേങ്ങ സ്നേഹപുരം ഹിള് വ്യൂവില്‍ ഷെമി(49)യെയാണ് വാമനപുരം ആറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോയമ്പത്തൂര്‍ നാച്ചിപ്പാളയം കനറാ ബാങ്ക് ശാഖാ മാനേജരാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നര മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും പോലീസുമെല്ലാം അന്വേഷിക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ വാമനപുരം ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെടുത്തു.
ഒരാഴ്ച മുന്‍പ് ഷെമിക്ക് ഒരു ശസ്ത്രക്രിയ നടന്നിരുന്നു. തുടര്‍ന്ന് വിശ്രമത്തിനായാണ് കൂനന്‍വേങ്ങയിലുള്ള കുടുംബവീട്ടിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബാങ്ക് ജോലി സംബന്ധിച്ചും കടുത്ത മാനസിക സംഘര്‍ഷമാണെന്ന് വീട്ടുകാരോടു പറഞ്ഞിരുന്നു.
തമിഴ്നാട്ടില്‍നിന്ന് തിരുവനന്തപുരത്തേക്കു ജോലി മാറ്റുന്നതിന് ബന്ധുക്കള്‍ ശ്രമം നടത്തിവരികയായിരുന്നു. ഷെമിയുടെ മൊബൈല്‍ഫോണ്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു. പോലീസ് നായയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
പേരൂര്‍ക്കട കനറാ ബാങ്ക് ഉദ്യോഗസ്ഥനായ സലീമാണ് ഭര്‍ത്താവ്. അക്ബര്‍ സലിം ഏക മകനാണ്. കബറടക്കം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സ്നേഹപുരം കിഴക്കേകുഴി മസ്ജിദ് കബര്‍സ്ഥാനില്‍.