കണ്ണൂര്‍: മേല്വിലാസക്കാരന് നല്‍കാതെ റജിസ്ട്രേഡ് കത്ത് പൊട്ടിച്ച് വായിച്ച പോസ്റ്റ്മാനും പോസ്റ്റല്‍ സൂപ്രണ്ടിനും ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് ഉപഭോക്തൃകോടതി. താവക്കരയിലെ ടി വി ശശിധരന് എന്ന ആര്‍ട്ടിസ്റ്റ് ശശികല നല്കിയ പരാതിയിലാണ് ശിക്ഷ വിധിച്ചത്.
കത്ത് പൊട്ടിച്ച് വായിച്ച് കത്തിലെ ഉള്ളടക്കം കൈമാറിയ ചിറക്കല്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനായിരുന്ന എം വേണുഗോപാല്‍, കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ടായിരുന്ന കെ.ജി ബാലകൃഷ്ണന് എന്നിവരെയാണ് ശിക്ഷിച്ചത്. മേല്വിലാസക്കാരന് കത്തുനല്‍കാതെ ഉള്ളടക്കം വായിച്ചുകേള്‍പ്പിച്ച ശേഷം ‘ആള് സ്ഥലത്തില്ല’ എന്ന് റിമാര്‍ക്സ് എഴുതി കത്ത് തിരിച്ചയച്ചു എന്നാണ് പരാതി.
2008 ജൂണ്‍ 30-ന് ചിറക്കല്‍-പുതിയതെരുവിലുള്ള കൊല്ലറത്തിക്കല്‍ പുതിയപുരയില്‍ ഹംസക്കുട്ടിക്ക് ശശിധരന് അയച്ച കത്തിലെ വിവരങ്ങള്‍ ചിറക്കല്‍ പോസ്റ്റോഫീസിലെ പോസ്റ്റ്മാനായിരുന്ന വേണുഗോപാലന്‍ ചോര്‍ത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
വകുപ്പുതല അന്വേഷണത്തില്‍ പോസ്റ്റ്മാന് കൃത്യവിലോപം ചെയ്തതായി മനസ്സിലാക്കി. കത്ത് തിരിച്ചയക്കുമ്പോള്‍ മടക്കുമാറി സീല്‍ ഉള്ളില്‍ ആയിപ്പോയതാണ് കത്ത് പൊട്ടിച്ചതിന് തെളിവായത്. ഇതോടെ പോസ്റ്റ്മാനെ സ്ഥലംമാറ്റിയും ഇന്‍ക്രിമെന്റ് നല്‍കാതെയും വകുപ്പ് നടപടി സ്വീകരിച്ചിരുന്നു.
എന്നാല്‍ മൂന്നുമാസത്തിനുശേഷം പോസ്റ്റ്മാനെ അതേ പോസ്റ്റോഫീസിലേക്ക് വീണ്ടും നിയമിച്ചതിനെ ചോദ്യംചെയ്താണ് ശശിധരന് കണ്ണൂര്‍ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കിയത്.