പെരുമ്പാവൂർ: റോഡരികിൽ പാർക്ക് ചെയ്ത ലോറി മോഷ്ടിച്ച് കടന്നുകളഞ്ഞ രണ്ടുപേരെ പോലീസ് പിടികൂടി. തൊടുപുഴ മുതലക്കോടം ചെരിപുറത്ത് അനസ് അബ്ബാസ് (41), തൊടുപുഴ കരിക്കോട് മേലേപറമ്പിൽ ഷിയാസ് (46) എന്നിവരാണു പിടിയിലായത്. അനസ് അബ്ബാസിനെതിരെ തൊടുപുഴ, കരിമണ്ണൂർ, കരിങ്കുന്നം പോലീസ് സ്റ്റേഷനുകളിൽ മോഷണം അടക്കം കേസുകളുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
പെരുമ്പാവൂർ ടൗണിനടുത്ത് എംസി റോഡിൽ റിലയൻസ് പെട്രോൾ പമ്പിന്റെ പാർക്കിങ് സ്ഥലത്ത് പാർക് ചെയ്തിരുന്ന ലോറിയാണ് പ്രതികൾ മോഷ്ടിച്ചത്. കോട്ടയം മീനച്ചിൽ സ്വദേശി അശ്വിനി കുമാറിന്റേതാണ് മോഷ്ടിക്കപ്പെട്ട ലോറി. റൂറൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പെരുമ്പാവൂർ ഇൻസ്പെക്ടർ ആർ രഞ്ജിത്ത്, എസ്ഐമാരായ ജോസി എം ജോൺസൺ, റിൻസ് എം തോമസ്, എഎസ്ഐ സുരേഷ്, സീനിയർ സിപിഒമാരായ അഷ്റഫ്, അഭിലാഷ്, ജിഞ്ചു കെ മത്തായി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.