കൊച്ചി: കുരുമുളക് വില കുതിച്ചുയരുന്നു. ആഭ്യന്തര വിപണിയില്‍ ആവശ്യം വര്‍ധിച്ചതാണ് വിലയുയരാന്‍ കാരണം. ഒരാഴ്ചക്കിടയില്‍ കിലോഗ്രാമിന് 33 രൂപയാണ് ഉയര്‍ന്നത്. ചൊവ്വാഴ്ച മാത്രം കിലോഗ്രാമിന് ഒമ്പത് രൂപ കൂടി. ഗാര്‍ബിള്‍ഡ് കുരുമുളകിന് വില 500 രൂപ കടന്നിരിക്കുകയാണ്.
514 രൂപയാണ് ഗാര്‍ബിള്‍ഡിന് വില. അണ്‍ഗാര്‍ബിള്‍ഡ് കുരുമുളകിന്റെ വില കിലോഗ്രാമിന് 494 രൂപയിലെത്തി. 2015ല്‍ കിലോഗ്രാമിന് 730 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന്റെ വില ഓരോ വര്‍ഷവും ഇടിയുന്ന സാഹചര്യമായിരുന്നെങ്കിലും ഇപ്പോള്‍ വില ഉയരുകയാണ്.
ഇത് കര്‍ഷകര്‍ക്ക് പ്രതീക്ഷയ്ക്കു വക നല്കുന്നു. 2013ല്‍ 400 രൂപയിലെത്തിയ കുരുമുളക് വില പിന്നീട് ഉയര്‍ന്നാണ് 730ല്‍ എത്തിയത്. അതിനുശേഷം വേഗത്തില്‍ ഇടിഞ്ഞ് 270 രൂപ വരെ താഴ്ന്നു. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങിയ നഗരങ്ങളാണ് കുരുമുളകിന്റെ പ്രധാന ആഭ്യന്തര വിപണികള്‍. ദീപാവലിക്കു ശേഷവും ഡിമാന്‍ഡ് കുറയാത്തത് വില ഇനിയും ഉയരാനുള്ള കാരണമായേക്കും.