തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും മഴയുടെ തീവ്രത കുറയും. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അറബിക്കടലില്‍ കര്‍ണാടക തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദ്ദം, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് പോകുന്നതിനാല്‍ കേരളത്തിന് ഭീഷണിയില്ലെന്ന് അധികൃതര്‍ പറയുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അധികം ശക്തി പ്രാപിക്കാതെ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് വിലയിരുത്തല്‍. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ ജാഗ്രത മുന്നറിയിപ്പില്ല. അതേസമയം എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയിലെ നാലു താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്. പത്തനംതിട്ടയില്‍ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.