തിരുവനന്തപുരം: കേരളത്തില്‍ മഴ തുടരുകയാണ്. മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്കി. എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. രാവിലെ സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
അതില്‍ മൂന്ന് ജില്ലകളിലാണിപ്പോള്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ കാറ്റ് വടക്കന്‍ മേഖലകളിലേക്ക് സജീവമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുതുക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. പാലക്കാട് ,മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കന്‍ തമിഴ്നാടിനു മുകളിലും തെക്ക് കിഴക്കന്‍ അറബികടലിലുമായി നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി ആണ് ഒറ്റപ്പെട്ട അതിശക്തമായ മഴയും കാറ്റും ഉണ്ടാകുന്നത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.