തിരുവനന്തപുരം: ദമ്പതിമാര്‍ ചേര്‍ന്ന് പെട്രോള്‍ പമ്പില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. നെടുമങ്ങാട്-പൊന്മുടി റോഡില്‍ ചേന്നന്‍പാറയിലുള്ള പെട്രോള്‍ പമ്പില്‍ നിന്നാണ് ജീവനക്കാരായ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് 18 ലക്ഷം രൂപയോളം തട്ടിയെടുത്തത്.
പമ്പിലെ ജീവനക്കാരായിരുന്ന ദമ്പതിമാര്‍ പല ഘട്ടങ്ങളായി 18 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് കേസ്. മേമല രാജിഭവനില്‍ രാഹുലി(31)നെ ആണ് റിമാന്‍ഡിലായത്. പമ്പിലെ താത്കാലിക ജീവനക്കാരനായിരുന്നു രാഹുല്‍. ഭാര്യ നീനുരാജ് ഇതേ പെട്രോള്‍ പമ്പില്‍ അക്കൗണ്ടന്റും.
2020 മാര്‍ച്ച് മുതല്‍ 2021 ജൂലായ് വരെയുള്ള കാലയളവില്‍ പണം അപഹരിച്ചെന്നാണ് കേസ്. അക്കൗണ്ടിലും രജിസ്റ്ററിലും സോഫ്റ്റ്വേറിലും തിരിമറി നടത്തി. വ്യാജരേഖകളും സൃഷ്ടിച്ചു. എന്നാല്‍ അക്കൗണ്ട് ഓഡിറ്റ് നടത്തുന്നതിനിടെ പമ്പുടമ തട്ടിപ്പ് തിരിച്ചറിഞ്ഞു.
പിന്നീട് പണം തിരികെ നല്‍കാമെന്ന് സമ്മതിച്ചെങ്കിലും പ്രതികള്‍ ഒളിവില്‍പ്പോയി. കേസിലെ പ്രതികളായ ദമ്പതിമാരില്‍ ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു. ഭാര്യക്ക് ജാമ്യം ലഭിച്ചു.