കൊല്ലം: ദേവീ ശക്തിയാര്‍ജിച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് വീട്ടമ്മയില്‍ നിന്നും യുവതി പണവും സ്വര്‍ണ്ണവും തട്ടിയെടുത്തതായി പരാതി. കുണ്ടറ മാമ്പുഴ സ്വദേശി തുഷാര എന്ന ഹിന്ദുജ, മാതാപിതാക്കളായ ശ്രീധരന്, ലക്ഷ്മിക്കുട്ടി, സഹോദരി തപസ്യ, സഹായി കൃഷ്ണരാജ് എന്നിവര്‍ക്കെതിരെയാണ് കേസ്.
പണവും ആഭരണവും തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തായും വീട്ടമ്മ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. നടുവ് വേദന സുഖപ്പെടുത്താമെന്ന് പറഞ്ഞാണ് വീട്ടമ്മയെ വലയിലാക്കിയത്. വിശ്വാസം നേടിയെടുത്ത ശേഷം’ദേവിക്ക്’ ഇരിക്കാന്‍ ക്ഷേത്രം നിര്‍മിക്കണമെന്നു പറഞ്ഞു 7 ലക്ഷം രൂപ ചെലവിട്ടു ക്ഷേത്രം പണികഴിപ്പിച്ചെന്നു വീട്ടമ്മ പരാതിയില്‍ പറയുന്നു.
വീട്ടമ്മയുടെ ആലപ്പുഴയിലെ കുടുംബവസ്തു വിറ്റ ഇനത്തില്‍ ലഭിച്ച തുകയില്‍ നിന്ന് 10 ലക്ഷം രൂപയുമായി മധുരയില്‍ പോയി 50 പവന്റെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി. ‘ദേവി’ അണിഞ്ഞ ശേഷം മടക്കി നല്‍കാമെന്നു പറഞ്ഞ് അതു കൈക്കലാക്കുകയും ചെയ്തു.
ഇതിനിടെ സ്വര്‍ണം തിരികെ ചോദിച്ചപ്പോള്‍ ‘ ദേവി’യോടു സ്വര്‍ണം ആവശ്യപ്പെടരുതെന്നായിരുന്നുവത്രെ മറുപടി. ദേവിയുടെ ശക്തി ആര്‍ജിക്കാന്‍ കഴിയുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു മധുരയ്ക്കു പോകാന്‍ പുതിയ കാര്‍ വാങ്ങിപ്പിക്കുകയും ചെയ്തു. പിന്നീട് മധുരയിലെ പ്രശസ്തമായ സ്കൂളിന്റെ ശാഖ കൊല്ലത്തു തുടങ്ങാനെന്നു പറഞ്ഞു 30 ലക്ഷം രൂപ കൂടി വാങ്ങി.
മധുരയിലെ ആശ്രമത്തില്‍ പോയി താമസിക്കാമെന്നു യുവതി പറഞ്ഞതോടെയാണു സംശയം തോന്നിയത്. പണവും സ്വര്‍ണവും തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. ബാധ ഒഴിപ്പിക്കാനെന്നു പറഞ്ഞു വീട്ടമ്മയുടെ തലയില്‍ തേങ്ങ കൊണ്ട് ഇടിക്കുകയും മുടിക്കു കുത്തിപ്പിടിച്ചു മര്‍ദിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.