കോഴിക്കോട്: ടാറില്‍ കുടുങ്ങിയ അഞ്ച് നായക്കുട്ടികളെ രക്ഷിച്ച് യുവാക്കള്‍. കോഴിക്കോട് നാദാപുരത്താണ് സംഭവം. ചാലപ്പുറം പെട്ടി പീടികക്കടുത്ത കളരിപ്പറമ്പത്ത് വീട്ട് മുറ്റത്ത് ഇറക്കിയ ടാറിലാണ് അഞ്ച് നായക്കുട്ടികളെ കുടുങ്ങിയ നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്.
തുടര്‍ന്ന് സമീപത്തെ വീട്ടുകാരെ വിവരം അറിയിച്ചപ്പോഴാണ് സഹായവുമായി യുവാക്കള്‍ എത്തിയത്. വ്യാഴ്ച രാവിലെയായിരുന്നു സംഭവം. കോഴിക്കുനി പ്രശാന്ത്, തച്ചംകണ്ടി ഷാജി, പടിക്കോട്ടില്‍ സതീശന് തുടങ്ങിയവരെത്തിയാണ് ടാറില്‍ നിന്ന് നായക്കുട്ടികളെ പുറത്തെടുത്തത്.
ശേഷം മണ്ണെണ്ണ ഉപയോഗിച്ച് നായയുടെ ശരീരത്തിലെ ടാര്‍ നീക്കം ചെയ്യുകയും പിന്നീട് തൂണേരി മുഗാശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തു. ദേഹമാസകലം ടാറായതിനാല് എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന നായകളെയാണ് യുവാക്കള്‍ രക്ഷിച്ചത്.
ചാലപ്രം റോഡ് ടാറിംഗിനായി വീട്ട് മുറ്റത്ത് 25 ലധികം വീപ്പകളിലായാണ് ടാര്‍ ഇറക്കിയത്. വെയിലേറ്റ് ടാര്‍ ഉരുക്കി പുറത്തേക്ക് ഒലിച്ച നിലയിലായിരുന്നു. അതേസമയം, കുട്ടികളടക്കം കളിക്കുന്ന വീട്ട് മുറ്റത്ത് സ്വകാര്യ കരാറുകാരന് ടാര്‍ ഇറക്കിയത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി വീട്ടുകര്‍ പറഞ്ഞു.