തൃപ്രയാര്‍: ആളറിയാതെ അക്കൗണ്ടില്‍ എത്തിയ കോടിക്കണക്കിന് രൂപ തിരികെ ഏല്‍പ്പിച്ച് റിട്ട. അധ്യാപകനും ഭാര്യയും. തളിക്കുളം തിരുത്തിയില്‍ കുട്ടപ്പനും ഭാര്യ സാവിത്രിയുമാണ് തങ്ങളുടെ പേരില്‍ ബാങ്കിലെത്തിയ മൂന്നേമുക്കാല്‍ കോടിരൂപ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി തിരിച്ചെടുപ്പിച്ചത്.
കുട്ടപ്പന്റെ അക്കൗണ്ടില്‍ 3.31 കോടിയിലധികം രൂപയും ഭാര്യയുടെ അക്കൗണ്ടില്‍ 44 ലക്ഷവുമാണ് കൂടുതല്‍ വന്നത്. കൃത്യമായ രേഖകളുമായാണ് പണം അക്കൊണ്ടില്‍ നിക്ഷേപിച്ചത് എന്നതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടുകൊടുത്തതിനുള്ള നഷ്ടപരിഹാരമാണ് വന്നതെന്നതിനാല്‍ മാഷ് കൊടുങ്ങല്ലൂരിലെ അവരുടെ ഓഫീസില്‍ ബന്ധപ്പെട്ടാണ് പണം തിരിച്ചെടുപ്പിച്ചത്. ആശാരിക്കാട് ഗവ. യു.പി. സ്കൂളില്‍ പ്രധാനാധ്യാപകനായിരിക്കെ 1998-ലാണ് കുട്ടപ്പന് വിരമിച്ചത്.
റിട്ട. പഞ്ചായത്ത് സൂപ്രണ്ടാണ് സാവിത്രി. എറവിലാണ് ഇപ്പോള്‍ താമസിക്കുന്നത്. തളിക്കുളം നന്മ കുടുംബകൂട്ടായ്മ ഇവരെ ആദരിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.കെ. ബാബു, സുരേഷ് മോഹന്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു.