ആലപ്പുഴ: ചെങ്ങന്നൂരിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണെന്ന് എംഎല്‍എ സജി ചെറിയാന്. അടിയന്തിരമായി ഹെലികോപ്റ്റര്‍ എത്തിയില്ലെങ്കില്‍ പതിനായിരങ്ങള്‍ മരിക്കും. ചെങ്ങന്നൂരില്‍ അത്യാധുനിക സംവിധാനങ്ങളുമായി രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ ഗുരുതരാവസ്ഥയാണെന്ന് സജി ചെറിയാന് മുന്നറിയിപ്പു നല്കി.
അന്‍പതിലധികം പേര് മരിച്ചതായി വിവരം ലഭിച്ചുവെന്ന് ശവശരീരങ്ങള്‍ പോലും എടുക്കാന്‍ കഴിയുന്നില്ലെന്നും ഹെലികോപ്റ്റര്‍ ഒന്നു പോലും വിട്ടു തന്നില്ലന്നും അദ്ദേഹം ആരോപിച്ചു.
ഇനിയും ഹെലികോപ്റ്റര്‍ തന്നില്ലങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്ത വാര്‍ത്തയാണ് ചെങ്ങന്നൂരില്‍ നിന്നും വരികയെന്നും സജി ചെറിയാന് പറഞ്ഞു. മിക്ക കുടുംബങ്ങളും ഒറ്റപ്പെട്ടിരിക്കയാണ്.
എയര്‍ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല, രാഷ്ട്രീയ ഇടപെടല്‍ കൊണ്ട് മത്സ്യബന്ധന വള്ളങ്ങള്‍ കൊണ്ടുവന്ന് ഞങ്ങളാവുന്നത് ചെയ്യുകയാണ്. ഞങ്ങള്‍ക്കൊന്നും ചെയ്യാനാകുന്നില്ല, തന്റെ വണ്ടിയടക്കം നിലയില്ലാ വെള്ളത്തില്‍ കിടക്കുകയാണ്, ഇവിടെ പട്ടാളമിറങ്ങിയില്ലങ്കില് തങ്ങള്‍ മരിച്ചുപോകുമെന്നും സജി ചെറിയാന് വ്യക്തമാക്കി.