തിരുവനന്തപുരം : തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിനു സമീപം സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നും കാലാവസ്ഥ ഗവേഷണകേന്ദ്രം. കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.
ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് എന്നിവ ഒഴിയെയുള്ള ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിനു സമീപം ചക്രവാത ചുഴി നിലനില്ക്കുന്നു. അടുത്ത 24 മണിക്കൂറില്‍ ഇത് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.
തുടര്‍ന്ന് കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യുനമര്‍ദ്ദമായി പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 11 ന് തമിഴ് നാടിന്റെ വടക്കന്‍ തീരത്ത് പ്രവേശിച്ചേക്കും. ന്യുന മര്‍ദ്ദ സ്വാധീനഫലമായി കേരളത്തില്‍ നവംബര്‍ 10, 11 തീയതികളില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടലില്‍ തീവ്ര ന്യുനമര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍ മധ്യകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും നവംബര്‍ 9 വരെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന്ന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.