കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ജീവനൊടുക്കി. പൂജപ്പുര വീട്ടില്‍ രാജേന്ദ്രന് (55) ആണ് ഭാര്യ അനിത (40) മക്കളായ ആദിത്യരാജ് (24) അമൃതരാജ് (20) എന്നിവരെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
ഞായറാഴ്ച രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. ഓട്ടോ ഡ്രൈവറാണ് രാജേന്ദ്രന്. മകന് ആദിത്യരാജ് ഒരു കടയിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ ആദിത്യരാജ് കടയില്‍ എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ദാരുണമായ കൊലപാതകം അറിഞ്ഞത്.
വീട്ടിലെ ഹാളിലാണ് ആദിത്യരാജിന്റെ മൃതദേഹം കിടന്നിരുന്നത്. അനിതയുടെയും അമൃതരാജിന്റെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിലായിരുന്നു. വെട്ടുകത്തി കൊണ്ട് മൂവരെയും വെട്ടിക്കൊന്ന ശേഷം രാജേന്ദ്രന് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. മൂന്നുപേരെയും കൊലപ്പെടുത്തിയ ശേഷം രക്തംപുരണ്ട വെട്ടുകത്തി കഴുകി വൃത്തിയാക്കി വീട്ടിനുള്ളില്‍ തന്നെ സൂക്ഷിച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
രാജേന്ദ്രന്റെ വീടിന് സമീപം മറ്റുവീടുകളുണ്ടെങ്കിലും രാത്രിയില്‍ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്ന് സമീപവാസികളും പറയുന്നു. രാജേന്ദ്രനും കുടുംബത്തിനും സാമ്പത്തികപ്രശ്നങ്ങളില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.