കൊച്ചി: പ്രളയക്കെടുതിയില്‍ നിന്നും നാവികസേന രക്ഷപ്പെടുത്തിയ പൂര്‍ണ ഗര്‍ഭിണിക്ക് സുഖപ്രസവം. ആലുവ സ്വദേശിനി സജിത ജബീല്‍ ആണ് ആണ്‍കുട്ടിയെ പ്രസവിച്ചത്. നാവികസേനയുടെ ആശുപത്രിയിലായിരുന്നു പ്രസവം. ഉച്ചയ്ക്ക് 2.10നായിരുന്നു സജിത ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.
കേരളത്തിലെ പ്രളയക്കെടുതിയില്‍ കുടുങ്ങിപ്പോയ യുവതിയെയാണ് രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററിലെത്തി എയര്‍ലിഫ്റ്റിങിലൂടെ രക്ഷപ്പെടുത്തിയത്. കെട്ടിടത്തിന്റെ മുകളിലായിരുന്ന യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയതായ വിവരവും നാവികസേനയുടെ ട്വിറ്റര്‍ പേജിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു.
ഇതിനുപിന്നാലെയാണ് യുവതിയുടെ പ്രസവം കഴിഞ്ഞ വാര്‍ത്തയും, യുവതിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന വിവരവും നാവികസേന പുറത്തുവിട്ടിരിക്കുന്നത്. യുവതിയും ആണ്‍കുഞ്ഞും സുരക്ഷിതരാണെന്നും, സുഖമായിരിക്കുന്നുവെന്നും നാവികസേനയുടെ ട്വീറ്റില്‍ പറയുന്നുണ്ട്. എന്നാല്‍ എവിടെനിന്നാണ് യുവതിയെ രക്ഷപ്പെടുത്തിയതെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.