തിരുവനന്തപുരം: നാടിതുവരെ കാണാത്ത പ്രളയത്തെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് നേരിടുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കാന്‍ ഊണും ഉറക്കവും കളഞ്ഞ് നെട്ടോട്ടമോടുകയാണ് സംസ്ഥാനത്തെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമെല്ലാം. അതേസമയം, വനംമന്ത്രി കെ രാജുവിന്റെ വിദേശയാത്ര വിവാദമായിരിക്കുകയാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച രാവിലെ ജര്‍മ്മനിയിലേക്കു പുറപ്പെട്ടത്.
ചികിത്സയ്ക്കു വേണ്ടിയുള്ള അമേരിക്കന്‍ യാത്ര പോലും ഉപേക്ഷിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതൊന്നും പരിഗണിക്കാതെയാണ് കെ രാജു മലയാളി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജര്‍മ്മനിയിലേക്കു പോയത്. കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ ചുമതലപ്പെടുത്തിയത് മന്ത്രി കെ രാജുവാണ്.
മന്ത്രിക്കൊപ്പം ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീറുമുണ്ട്. പുനലൂരിന്റെ എംഎല്‍എയാണ് കെ രാജു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനൊന്നാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജര്‍മനിയുടെ മുന്‍ തലസ്ഥാനമായ ബോണില്‍ ഓഗസ്റ്റ് 17 മുതല്‍ 19 വരെയാണ് നടക്കുന്നത്.
എന്നാല്‍ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത പ്രളയ ദുരന്തത്തെ അതിജീവിക്കാന്‍ കേരള ജനത ഒന്നടങ്കം ശ്രമിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിദേശയാത്ര. കോട്ടയം ജില്ലയില്‍ ഇപ്പോഴും റെഡ് അലര്‍ട്ട് തുടരുന്നതിനിടെയാണ് ജില്ലയുടെ ചുമതലയുള്ള രാജുവിന്റെ വിദേശ യാത്രയെന്നതും ശ്രദ്ധേയം.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും കേരള ജനത ഒന്നാകെയും ഉറക്കമിളച്ചിരുന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്പ്പെട്ടിരിക്കുന്നതിനിടെയുള്ള ജനപ്രതിനിധികളുടെ വിദേശ യാത്രയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.