കാഞ്ഞങ്ങാട്: ‘ചുമയുണ്ട് കുട്ടികളേ, ശ്വാസംമുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം…’ ഇത്രയും പറഞ്ഞ് ഓണ്‍ലൈന്‍ ക്ലാസ് അവസാനപ്പിച്ച അധ്യാപിക അതേ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കള്ളാര്‍ അടോട്ടുകയ ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്കൂള്‍ അധ്യാപിക കള്ളാര്‍ ചുള്ളിയോടിയിലെ സി. മാധവി (47) ആണ് മരിച്ചത്.
പ്രിയപ്പെട്ട മാധവി ടീച്ചറുടെ അപ്രതീക്ഷിത വിയോഗത്തില്‍ കുട്ടികളിലും അമ്പരപ്പുണ്ടായിരിക്കുകയാണ്. കണ്മുന്പില് ടീച്ചര്‍ വീണ് മരിച്ചതിന്റെ ഭയവും സങ്കടവും കുട്ടികളില്‍ തങ്ങിനില്ക്കുകയാണ്. മാധവി കുഴഞ്ഞു വീണ സമയത്ത് വീട്ടില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. സഹോദരന്റെ മകന് രതീഷിനോട് നേരത്തെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇദ്ദേഹം എത്തിയപ്പോള്കണ്ടത് മാധവി വീണുകിടക്കുന്നതാണ്.
ഉടന്‍ പൂടങ്കല്ലിലെ താലൂക്ക് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബുധനാഴ്ച രാത്രി 7.30-നാണ് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയത്. മൂന്നാം ക്ലാസിലെ കുട്ടികള്‍ക്കു കണക്ക് വിഷയത്തിലായിരുന്നു ക്ലാസ്. ‘വീഡിയോ ഓണ്‍ ആക്ക്യേ, എല്ലാരേം എനിക്കൊന്ന് കാണാനാ’. ടീച്ചര്‍ ഇങ്ങനെ പറയുന്നത് പതിവില്ലെന്ന് പറഞ്ഞ് കുട്ടികളും രക്ഷിതാക്കളും വിതുമ്പി. കുട്ടികള്‍ വീഡിയോ ഓണാക്കിയപ്പോള്‍ ഓരോ കുട്ടിയോടും സംസാരിച്ചു.
ക്ലാസ് തുടങ്ങി ഏതാനും മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ചുമ അനുഭവപ്പെട്ടു. ‘എന്താ ടീച്ചറേ പറ്റിയതെന്ന് ചോദിച്ച കുട്ടികളോട്, ‘ഓ! അതൊന്നും സാരമില്ല. തണുപ്പടിച്ചതാ’ എന്നുകൂടി പറഞ്ഞ് ഹോംവര്‍ക്കും നല്കിയ ശേഷമാണ് ക്ലാസ് അവസാനിപ്പിച്ചത്. തൊട്ടുപിന്നാലെ കുഴഞ്ഞവീഴുകയായിരുന്നു. ഭര്‍ത്താവ്: പരേതനായ ടി. ബാബു. പരേതരായ അടുക്കന്റെയും മുണ്ടുവിന്റെയും മകളാണ്. സഹോദരങ്ങള്‍: രാമന്, കല്യാണി, കണ്ണന്, പരേതരായ രാമകൃഷ്ണന്, മാധവന്.