കൊല്ലം: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. പല പ്രദേശങ്ങളിലും വെള്ളം കയറി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കൊല്ലം പുനലൂരില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഇടപ്പാളയത്താണ് മലവെള്ളപ്പാച്ചിലുണ്ടായത്.
നാല് വീടുകളില്‍ വെള്ളം കയറി. ആളപായമില്ല. ഒരു ജീപ്പും കാറും ഓട്ടോറിക്ഷയും ഒഴുകിപ്പോയി. അതിശക്തമായ മഴയുള്ളതിനാല്‍ കൊല്ലം ജില്ലയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കനത്തമഴയെ തുടര്‍ന്ന് എരുമേലി ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടി. സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. മലവെളളപ്പാച്ചിലില്‍ ഓട്ടോറിക്ഷ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ട്. ഏയ്ഞ്ചല്‍വാലി വനത്തിനുള്ളില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.