തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള 7 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 31 വരെ ശക്തമായ മഴ തുടരും.
ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ മുതല്‍ 31 വരെ മത്സ്യബന്ധനത്തിനു പോകരുത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിലും ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂനമര്‍ദമായി മാറി. നാളെ വരെ പടിഞ്ഞാറു ദിശയില്‍ നീങ്ങുമെന്നാണ് വിലയിരുത്തല്‍. ഈ മാസം രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂനമര്‍ദമാണിത്.
തുലാവര്‍ഷം തീരാന്‍ 2 മാസം ശേഷിക്കെ ഈ വര്‍ഷത്തെ ആകെ മഴ വാര്‍ഷിക ശരാശരിക്കു മുകളിലെത്തി.