തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തുലാവര്‍ഷത്തോട് ഒപ്പം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടതുമാണ് മഴ ശക്തമാകാന്‍ കാരണം. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 11 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അടുത്ത മണിക്കൂറുകളില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മലയോര മേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് നിലവില്‍ മത്സ്യബന്ധത്തിന് തടസമില്ല. എന്നാല്‍ നാളെ രാത്രി വരെ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാല്‍ മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കഴിഞ്ഞ ദിവസം കേരളമടക്കം തെക്കേ ഇന്ത്യയില്‍ നിന്നും കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയതായും തുലാവര്‍ഷം ആരംഭിച്ചതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.