തിരുവനന്തപുരം: തനിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എം.പിക്കെതിരേ പരാതി നല്കി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് മേയര്‍ എംപിക്കെതിരെ പരാതി നല്‍കിയത്. ആര്യയുടെ പരാതിയില്‍ നിയമോപദേശം തേടിയ ശേഷം മുരളീധരനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
കഴിഞ്ഞ ദിവസം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ കോണ്‍ഗ്രസ് തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു മുരളീധരന്റെ അധിക്ഷേപ പരാമര്‍ശം. മേയര്‍ ആര്യ രാജേന്ദ്രനെ കാണാന്‍ ഭംഗിയൊക്കെയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടിനെക്കാള്‍ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന് പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്ന വിമര്‍ശനവുമായി ഇടത് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.