കൊല്ലം: ബിവറേജ് ഔട്ട്ലെറ്റില് നിന്ന് ഓള്‍ഡ് മങ്കിന്റെ ഫുള്‍ ബോട്ടില്‍ അടിച്ചുമാറ്റി മുങ്ങിയ യുവാവിനെ കണ്ടെത്തി. കൊല്ലം ആശ്രാമത്തെ ബിവറേജ് ഔട്ട്ലെറ്റില് നിന്നാണ് ഓള്‍ഡ് മങ്കിന്റെ ഫുള്‍ ബോട്ടില്‍ മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 8.45നായിരുന്നു മോഷണം നടന്നത്. മാസ്കും നീല ഷര്‍ട്ടും ധരിച്ചെത്തിയ യുവാവാണ് മോഷണം നടത്തിയത്. വാളത്തുങ്കല്‍ സ്വദേശിയാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞ പോലീസ് യുവാവിനെ ഉടന്‍ പിടികൂടുമെന്നും അറിയിച്ചു.
ഇയാളുടെ പെരുമാറ്റം വളരെ മാന്യമായ രീതിയിലായിരുന്നതിനാല്‍ ആരും സംശയിച്ചതുമില്ല. വന്നയുടനെ ഇയാള്‍ 910 രൂപയുടെ ഓള്‍ഡ് മങ്ക് റമ്മിന്റെ ഒരു ഫുള്‍ ബോട്ടില്‍ എടുത്ത് രഹസ്യമായി അരയിലേക്ക് കയറ്റുന്നത് CCTV ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
കുപ്പി എടുത്തതിന് ശേഷം മദ്യം വാങ്ങാനെത്തിയ മറ്റൊരാളുമായി സൗഹൃദം നടിച്ച് മോഷ്ടാവ് കൗണ്ടറിലേക്ക് നടക്കുകയും ഇയാളോട് താന്‍ പുറത്തുനില്ക്കാമെന്നു പറഞ്ഞ് യുവാവ് സ്ഥലം വിടുകയുമായിരുന്നു. ഇയാള്‍ക്കൊപ്പം വന്നതാണെന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു പ്രതി ഇങ്ങിനെ ചെയ്തതെന്ന് പോലീസ് പറഞ്ഞു.