തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ ഇന്നും കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 27 വരെ മഴ തുടരുമെന്നാണ് അറിയിപ്പ്.
മധ്യ, തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ പെയ്യും. ഉച്ചയ്ക്ക് ശേഷം വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്ന 26-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയരുകയാണ്.
136.8 അടിയാണ് നിലവിലെ ജലനിരപ്പ്. നിലവില്‍ 5650 ഘനയടി വെള്ളമാണ് ഓരോ സെക്കന്റിലും ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 142 അടിയാണ് ഡാമിന് താങ്ങാവുന്ന പരമാവധി സംഭരണ ശേഷി. ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ് 2398.26 അടിയാണ്.