കൊച്ചി: 70,000 രൂപയുടെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ അലക്കു സോപ്പ് ലഭിച്ച സംഭവത്തില്‍ എറണാകുളം സ്വദേശിക്ക് മുഴുവന്‍ തുകയും തിരികെ നല്കി ആമസോണ്‍. നൂറുല്‍ അമീനാണ് നഷ്ടപ്പെട്ട മുഴുവന്‍ തുകയും തിരികെ ലഭിച്ചത്. ആമസോണ്‍ പേ കാര്‍ഡ് ഉപയോഗിച്ച് അടച്ച 70,900 രൂപയും അക്കൗണ്ടില്‍ തിരിച്ചെത്തിയതായി നൂറുല്‍ അമീന് പറഞ്ഞു.
ആമസോണ്‍ വഴി ഒക്ടോബര്‍ 12നാണ് നൂറുല്‍ അമീന് ഐഫോണ്‍ 12 ബുക്ക് ചെയ്തത്. ഒക്ടോബര്‍ 15ന് ലഭിച്ച ആമസോണ്‍ പാക്കേജ് പൊട്ടിച്ച് നോക്കിയപ്പോള്‍ ബോക്സിനകത്ത് അലക്ക് സോപ്പും അഞ്ചു രൂപ നാണയവുമാണ് ഉണ്ടായിരുന്നത്. ഡെലിവറി ബോയുടെ മുന്നില്‍ വെച്ചുതന്നെ പാക്കറ്റ് പൊട്ടിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചതും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു..
അലക്കു സോപ്പാണ് ലഭിച്ചത് എന്നറിഞ്ഞപ്പോള്‍ തന്നെ നൂറുല്‍ അമീന് ആമസോണില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്‍കുകയും ചെയ്തിരുന്നു. എസ്.പിയുടെ നേതൃത്വത്തില്‍ സൈബര്‍ പോലിസ് സ്റ്റേഷന് പ്രത്യേക ടീം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ആമസോണുമായി പോലീസ് ബന്ധപ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ആമസോണ്‍ പാര്‍സല്‍ കവറില്‍ ഉണ്ടായിരുന്ന ഐ.എം.ഇ.ഐ നമ്പറില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത ഫോണ്‍ ജാര്‍ഖണ്ഡില്‍ ഉപയോഗത്തിലുണ്ടെന്നും സെപ്റ്റംബറില്‍ തന്നെ ആപ്പിളിന്റെ സൈറ്റില്‍ ഫോണ്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി.
തുടര്‍ന്ന് ഫോണ്‍ വിതരണം ചെയ്യുന്ന ഡീലറുമായും അന്വേഷണ സംഘം ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ പണം തിരികെ നല്‍കാമെന്നു പോലീസിനോടു പറയുകയും പിന്നീട് നൂറുല്‍ അമീന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയും ചെയ്തു.