തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഈ സാഹചര്യം കണക്കിലെടുത്ത് എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു.
തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ മഴയ്ക്കു സാധ്യതയെന്നായിരുന്നു രാവിലത്തെ പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ജില്ലകളില്‍ തീവ്രമഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കുന്നു. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അടുത്ത നാലു ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് ഉച്ചയ്ക്ക് ഒരു മണിക്ക് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്.
ഇന്നലെ പകല്‍ സമയം കേരളത്തില്‍ പൊതുവേ മഴ കുറവായിരുന്നെങ്കിലും വൈകുന്നേരത്തോടെ ശക്തമാവുകയായിരുന്നു. അതി ശക്തമായ മഴയാണ് വൈകുന്നേരവും രാത്രിയും മലയോര മേഖലകളില്‍ അനുഭവപ്പെട്ടത്.