കോഴിക്കോട്; കോഴിക്കോട് പറയഞ്ചേരിയില് റോഡിലൂടെ പോയ വളര്‍ത്തുനായയെ ഓട്ടോ കയറ്റിയിറക്കികൊന്നയാള് പിടിയില്‍. അയല്‍വാസിയുടെ ജിമ്മി എന്ന നായയെ കൊന്നതിന് പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ഒക്ടോബര്‍ മൂന്നിനാണ് ദാരുണസംഭവമുണ്ടായത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പറയഞ്ചേരി ചേവങ്ങോട്ട് കുന്ന് റോഡിലൂടെ പോവുകയായിരുന്ന ജാക്കിയെ അതുവഴി വന്ന സന്തോഷ് ഇടിച്ചിട്ട് ദേഹത്തുകൂടെ ഓട്ടോ കയറ്റിയിറക്കുകയായിരുന്നു. വാഹനത്തിനടിയില്‍ നിന്നും പ്രാണനുംകൊണ്ടോടിയ നായ സമീപത്തെ പറമ്പില്‍ തളര്‍ന്ന് വീണു.
മിനിറ്റുകള്‍ക്കകം ചത്തു. പ്രദേശത്തെ വീട്ടുകാര്‍ പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയത്. സംസ്കരിച്ച നായയുടെ മൃതദേഹം പൊലീസ് വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി.7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറയഞ്ചേരി ചേവങ്ങോട്ട് കുന്നിലെത്തിയ ജാക്കി പ്രദേശവാസികളുടെ പ്രിയപ്പെട്ട നായയായിരുന്നു.
എന്നാല്‍ പ്രദേശവാസിയായ സന്തോഷ് നായയോട് മുന്‍പും ക്രൂരമായി പെരുമാറിയിട്ടുണ്ട്. സന്തോഷിന്റെ വണ്ടി ഇടിക്കുന്ന വീഡിയോ കണ്ട് വിശദീകരണം തേടിയവരോട് മോശമായിട്ടാണ് അയാള്‍ പെരുമാറിയതെന്നും പരാതിയുണ്ട്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മെഡിക്കല്‍ കോളേജ് പൊലീസ് സന്തോഷ് കുമാറിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.