കൊച്ചി: കേരളത്തില്‍ പലയിടത്തും മഴ തുടരുന്നു. പല ഭാഗങ്ങളിലും ബുധനാഴ്ച രാത്രിയും വ്യാപക മഴയാണ് ലഭിച്ചത്. പല ഭാഗങ്ങളിലും ഉരുള്‍പ്പൊട്ടലുമുണ്ടായി. ഇന്നും മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
അറബിക്കടലില്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഇത് സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പാലക്കാട്, കാസര്‍കോട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത വേണം.
മൂന്നാര്‍ അഞ്ചാംമൈലില്‍ മണ്ണിടിച്ചിലുണ്ടായി. മലപ്പുറത്തും പാലക്കാട്ടും ഉരുള്‍പൊട്ടി. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വീണ്ടും അടച്ചു. ഇടുക്കി ഡാമില്‍ ജലനിരപ്പ് കൂടി. മാട്ടുപെട്ടി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും.