തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞതിനാല്‍ അതി തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചിരിക്കുകയാണ്. എന്നാല്‍ ഒക്ടോബര്‍ 20 മുതല്‍ 24 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
കേരളാ തീരത്ത് നിലവില്‍ കാര്യമായ മഴമേഘങ്ങളില്ലെന്നതിനാലാണ് തീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചത്. അതേസമയം, 11ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കുറഞ്ഞതോടെ നദികളില്‍ ജലനിരപ്പ് കുറഞ്ഞു. പെരിയാറിലടക്കം ജലനിരപ്പ് നിയന്ത്രണ വിധേയമാണ്.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്ക്കാന് പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുതെന്ന് അറിയിച്ചു.