തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയ്ക്ക് കാരണം ഇരട്ട ന്യൂനമര്‍ദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തെക്കന്‍ ജില്ലകളിലായി ഉണ്ടായ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലുമായി ഇതുവരെ 39 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആറ് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുത്തിയില്‍ മരിച്ചവര്‍ക്ക് നിയമസഭയില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം രണ്ടു ദിവസത്തേക്ക് ഒഴിവാക്കുകയും ചെയ്തു. ഒക്ടോബര്‍ 11 മുതല്‍ സംസ്ഥാനത്ത് വര്‍ധിച്ച തോതിലുള്ള മഴയാണ് ഉണ്ടായത്. ഒക്ടോബര്‍ 13 മുതല്‍ 17 വരെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തും ചക്രവാതചുഴികള്‍ ഇരട്ടന്യൂനമര്‍ദമായി രൂപപ്പെട്ടു.
സംസ്ഥാനത്തിന്റെ പലഭാഗത്തും അതിന്റെ ഭാഗമായി അതീതീവ്രമായ മഴ ഉണ്ടായെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അതേസമയം, വരുന്ന അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.