തിരുവനന്തപുരം; ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച 66കാരി പിടിയില്‍. മണവാരിക്ക് സമീപം കോരണംകോട് ഒലിപ്പുറത്ത് കാവുവിള പുത്തന്‍വീട് രോഹിണിയില്‍ ജ്ഞാനദാസ് (ഗോപി-72) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് ശേഷം കുളത്തില്‍ ചാടി ആത്മഹത്യാശ്രമം നടത്തിയ ഭാര്യ സുമതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ എട്ടിനും ഒമ്പതിനും മധ്യേ കൊലപാതകം നടന്നത്. തുടര്‍ന്ന് കുളത്തില്‍ ചാടി ആത്മഹത്യക്കൊരുങ്ങിയ സുമതിയെ വയലിലെ ചാലിലാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
പത്ത് വര്‍ഷത്തോളമായി പക്ഷാഘാതം കാരണം കിടപ്പിലായിപ്പോയിരുന്നു ജ്ഞാനദാസ്. പരസഹായമില്ലാതെ എഴുന്നേല്ക്കാന് പോലും ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഭര്‍ത്താവിന്റെ ദുരിതം ഒഴിവാക്കാനാണ് താന്‍ കൊലപ്പെടുത്തിയതെന്ന് സുമതി പൊലീസിനു മൊഴി നല്കി.
സുമതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ ചികില്‍സയിലാണ്. സമീപത്ത് താമസിക്കുന്ന മകന് സുനില്‍ദാസ് ഇവര്‍ക്കുള്ള ഭക്ഷണവുമായി എത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. പണി നടക്കുന്ന കുടുംബവീടിന്റെ സമീപത്തുള്ള കൃഷിയിടത്തിലെ ഒറ്റമുറി കെട്ടിടത്തിനുള്ളില്‍ നിലത്താണ് ജ്ഞാനദാസിന്റെ മൃതദേഹം കിടന്നിരുന്നത്. കഴുത്തറത്ത നിലയിലായിരുന്നു.