തിരുവനന്തപുരം : കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ കാലവര്‍ഷം സംസ്ഥാനത്ത് നിന്നും പൂര്‍ണമായി പിന്‍വാങ്ങിയിട്ടില്ലെന്നാണ് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നത്. തുലാവര്‍ഷത്തിനു മുന്നോടിയായുള്ള മഴ ബുധനാഴ്ച എത്തും.
കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ മഴയുണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിനാല്‍ സംസ്ഥാനത്ത് 20 മുതല്‍ തുടര്‍ന്നുള്ള 34 ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലം ചുഴലിക്കാറ്റ് സീസണ് കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യൂനമര്‍ദവും ചുഴലിക്കാറ്റും ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. കിഴക്കന്‍ കാറ്റ് 20 ന് എത്തിയേക്കും. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തികുറഞ്ഞ് , കര്‍ണാടകത്തിന്റെ തെക്കു മുതല്‍ തമിഴ്നാടിന്റെ തെക്കുവരെ നീളുന്ന ന്യൂനമര്‍ദ പാത്തിയായും മാറിയിട്ടുണ്ട്.
ഒക്ടോബര്‍ 1 മുതല്‍ 17 വരെ സംസ്ഥാനത്ത് 138 ശതമാനം അധികമഴ രേഖപ്പെടുത്തി. തുലാവര്‍ഷം തുടങ്ങുന്നതിന് മുമ്പേ തന്നെ, സംസ്ഥാനത്ത് തുലാവര്‍ഷ കാലയളവില്‍ ലഭിക്കേണ്ട ആകെ മഴയുടെ 84 ശതമാനം ഇതുവരെ പെയ്തതായി കാലാവസ്ഥാനിരീക്ഷണ വകുപ്പ് അറിയിച്ചു.