തിരുവനന്തപുരം: മന്ത്രി പിഎ മുഹമ്മദ് റിയാസിനെ അഭിനന്ദിച്ച് നടി മല്ലിക സുകുമാരന്‍ രംഗത്ത്. ഇങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിര്‍ന്നവര്‍ക്ക് സ്നേഹവും ആദരവുമെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു.
കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയുമായി മന്ത്രിയെ കാണാന്‍ വരരുതെന്ന നിലപാടിനെ പിന്തുണച്ചാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയത്. റോഡുകളിലെ കുഴി അടയ്ക്കുന്നതു സംബന്ധിച്ച് നിയമസഭയില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയുമ്പോഴായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പരാമര്‍ശം.
ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ട്. ബിറ്റുമിന്‍ വില കുറഞ്ഞാലും കരാറുകാര്‍ക്ക് ഉയര്‍ന്ന വില അനുവദിക്കുക, എസ്റ്റിമേറ്റ് പുതുക്കാന്‍ സഹായിക്കുക തുടങ്ങിയ ദുഷ്പ്രവണതകളുണ്ട്. എംഎല്‍എമാരുടെ ശുപാര്‍ശയിലും അവരെ കൂട്ടിയും കരാറുകാര്‍ മന്ത്രിയെ കാണാന്‍ വരുന്ന സ്ഥിതി ഉണ്ടാകരുത്. ശുപാര്‍ശകള്‍ പരിധി കടന്നാല്‍ പ്രയാസമാണെന്നും പൊതു ആവശ്യങ്ങളുമായി അസോസിയേഷന് ഭാരവാഹികള്‍ക്കു സമീപിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു.
മല്ലിക സുകുമാരന്റെ വാക്കുകള്‍:
ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയല്ല….നല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്ക്കുക.. ജനഹിതം അനുസരിച്ച് നിര്‍ഭയം അവ നടപ്പിലാക്കുക…. അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിര്‍ന്നവര്‍ക്ക് സ്നേഹവും ആദരവും… ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതു മുന്നണിക്കും അഭിമാനിക്കാം…. അഭിനന്ദനങ്ങള്‍ ശ്രീ.മുഹമ്മദ് റിയാസ്.