പാലോട്: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ രാത്രിയില്‍ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കടയ്ക്കല്‍ പുലിപ്പാറ വാലുപച്ച തടത്തിവിള വീട്ടില്‍ നിഖില്‍ (19), കടയ്ക്കല്‍ മുകുന്ദേരി അയിരക്കുഴി പാലയ്ക്കല്‍ ചരുവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഇര്ഫാന് (19) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ സ്നേഹം നടിച്ച് വലയിലാക്കി തന്ത്രപൂര്‍വം രാത്രി 12 മണിയോടെ ഫോണില്‍ വിളിച്ച് വീടിനു പുറത്തിറക്കുകയായിരുന്നു. ശേഷം ബൈക്കില്‍ കൊല്ലായില്‍ ഭാഗത്തെ സ്കൂളിലേക്കു കൊണ്ടു പോയി.
അവിടെ വച്ചു രണ്ടു പേരും ചേര്‍ന്നു പീഡിപ്പിച്ച ശേഷം പുലര്‍ച്ചെ അഞ്ചു മണിയോടെ തിരികെ ബൈക്കില്‍ കയറ്റി ഇലവുപാലം ഭാഗത്ത് ഇറക്കി വിട്ട ശേഷം കടന്നു കളഞ്ഞു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പിന്നാലെ പെണ്‍കുട്ടിയെ വിളിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ പ്രതികളെ പിടികൂടി. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പാലോട് പൊലീസ് ഇന്‍സ്പെക്ടര്‍ സി.കെ.മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.