കൊല്ലം: സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് ദശരഥ പുത്രന് രാമനും പെറ്റിയടിച്ച് ചടയമംഗലം പൊലീസ്. തെറ്റായ മേല്‍വിലാസമാണ് പോലീസിനെ ഇപ്പോള്‍ കുഴക്കിയിരിക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് പിടിയിലായ യാത്രക്കാരനാണ് പോലീസിന് തെറ്റായ മേല്‍വിലാസം നല്‍കിയത്.
എംസി റോഡിന് സമീപം ഒക്ടോബര്‍ 12ന് ഗ്രേഡ് എസ്ഐയും സംഘവും വാഹന പരിശോധന നടത്തിയപ്പോഴാണ് സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഡ്രൈവ് ചെയ്യുന്നയാളെ പൊലീസ് പിടികൂടിയത്. രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ പൊലീസും കാറിലുണ്ടായിരുന്ന യാത്രക്കാരും തമ്മില്‍ തര്‍ക്കമായി.
സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 500 രൂപ പിഴയടക്കാന്‍ പൊലീസ് പറഞ്ഞു. കാറിലെ യാത്രക്കാര്‍ പിഴ തുക നല്കി. ഈ സമയം അഡ്രസ് പറയാന്‍ പറഞ്ഞപ്പോള്‍ വീണ്ടും തര്‍ക്കമായി. ഒടുവില്‍ പേര് എന്താണെന്ന് ചോദിച്ചപ്പോള്‍ രാമന് എന്നും അച്ഛന്റെ പേര് ദശരഥന് എന്നും സ്ഥലം അയോധ്യ എന്നുമാണ് ഇയാള്‍ പറഞ്ഞത്.
ഈ പേരും വിലാസവും വെച്ച് പൊലീസുകാര്‍ രസീത് നല്‍കുകയും ചെയ്തു. അതേസമയം, കാറില്‍ വന്ന യാത്രക്കാര്‍ ആരെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.