തിരുവനന്തപുരം: നഗരത്തിൽ കെഎസ്ആർടിസിയുടെ ഫീഡർ സർവീസ് തുടങ്ങുന്നതിനായി 30 ഇലക്ട്രിക് ഓട്ടോകൾ എത്തുന്നു. ഈ വാഹനങ്ങൾ കെടിഡിഎഫ്സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു. തിരക്കുള്ള സ്ഥലങ്ങളിൽനിന്ന് ബസ്സ്റ്റാൻഡുകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനാണിത്.
രണ്ടാംഘട്ടത്തിൽ 500 ഇലക്ട്രിക് ഓട്ടോകൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കായി വാങ്ങും. മൂന്നാംഘട്ടത്തിൽ ഇലക്ട്രിക് കാറുകളും ഓട്ടോറിക്ഷകളും പൊതുജനങ്ങളുടെയും സർക്കാർവകുപ്പുകളുടെയും ഉപയോഗത്തിനായും വാങ്ങാനുമാണ് പദ്ധതി.
തിരുവനന്തപുരം നഗരത്തിനായി 50 വൈദ്യുതിബസുകൾ വാങ്ങും. ഇതിനായി 47.5 കോടി കിഫ്ബി വഴി അനുവദിച്ചിട്ടുണ്ടെന്നും ഇ.ടി ടൈസന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
ഇരുചക്രവാഹനം ഉപയോഗിച്ച് തൊഴിലുകളിൽ ഏർപ്പെടുന്നവർക്കായി ഈ സാമ്പത്തികവർഷം 10,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷയും വാങ്ങാൻ 200 കോടിയുടെ വായ്പപ്പദ്ധതി ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് രൂപംനൽകിയിട്ടുണ്ടെന്നും പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കുന്നതിന് 15 കോടി വകയിരുത്തിയെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.