വർക്കല: വർക്കല പാപനാശത്ത് റസ്റ്റോറന്റ് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലിയിൽ കണ്ടെത്തി. ഹെലിപ്പാഡിനു സമീപം നിർമ്മാണത്തിലിരിക്കുന്ന വീട്ടിലെ ചായ്പ്പിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയിൽ റസ്റ്റോറന്റ് ഉടമയുടെ മൃതദേഹം കണ്ടെത്തിയത്. വർക്കല കരുനിലക്കോട് പ്ലാവിള വീട്ടിൽ സീ വ്യൂ ഷാജി എന്നറിയപ്പെടുന്ന ഷാജി ശ്രീധറി(63)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച പുലർച്ചെ 4.30-ഓടെയാണ് ഒരു വ്യക്തിയുടെ
വീടിനു പിന്നിലുള്ള ചായ്പ്പ് കത്തുന്നത് നാട്ടുകാർ കണ്ടത്. അവർ അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെത്തി തീ കെടുത്തുന്നതിനിടെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. മരിച്ചയാളെ തിരിച്ചറിയാൻ കഴിയുന്ന നിലയിലായിരുന്നില്ല. മൂന്നുമണിക്കൂർ കഴിഞ്ഞാണ് തിരിച്ചറിയാനായത്. സയന്റിഫിക്, ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു.
വർക്കല ഡിവൈഎസ്പി പി നിയാസ്, ഇൻസ്പെക്ടർ വിഎസ് പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഷാജി ശ്രീധറിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു. കൈരളിയാണ് മരിച്ച ഷാജി ശ്രീധറിന്റെ ഭാര്യ. മക്കൾ: അരവിന്ദ് കെ ഷാജി, ആനന്ദ് കെ ഷാജി, അപ്പു കെ ഷാജി.